Thursday, February 01, 2007

നെറ്റില്‍ വ്യാജന്മാരെ സൂക്ഷിക്കുക

ന്യൂഡല്‍ഹി:വ്യാജ വെബ്സൈറ്റുകളുണ്ടാക്കി ഉപയോക്താക്കളുടെ ബാക്ക്‌ അക്കൗണ്ടുകളില്‍നിന്ന്‌ പണം തട്ടുന്ന പ്രവണത ഏറുന്നതായി കണക്കുകള്‍.പണം കൊടുത്ത്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വെബ്സൈറ്റുകളില്‍ സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് സൈറ്റ് വ്യാജമാണൊ എന്ന് പരിശോധിക്കണമെന്ന മുന്നറിയിപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു.
അക്കൗണ്ടുകളില്‍ നിന്നും പണം തട്ടാന്‍ ലക്‍ഷ്യമാക്കി മാത്രം തയ്യാറാക്കുന്ന വ്യാജ വെബ്സൈറ്റുകളുടെ എണ്ണം ഇന്ത്യയില്‍ ശരവേഗത്തില്‍ വര്‍ദ്ധിക്കുകയാണ്‌. 2006ല്‍ മാത്രം ഇത്തരം 260 കേസുകളാണ്‌ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. മുന്‍വര്‍ഷത്തേക്കാള്‍ 180 ശതമാനം വര്‍ദ്ധനവാണ്‌ ഈ രംഗത്ത്‌ ഉണ്ടായിരിക്കുന്നത്‌.
ഉപഭോക്താക്കളുടെ ബാങ്ക്‌ വിവരങ്ങള്‍ തരപ്പെടുത്തി പണം തട്ടാനായി ഇ-കുറ്റവാളികള്‍ ലക്‍ഷ്യം വയ്ക്കുന്ന 335 വെബ്സൈറ്റുകള്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ്‌ ടീം കണ്ടെത്തി. ഇതില്‍ 256 സൈറ്റുകളും ഇ കൊമേഴ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.
ഇ-ബൈ പോലുള്ള ചെറുകിട വില്‍പന സൈറ്റുകളും ഇക്കൂട്ടത്തില്‍ ഉണ്ട്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, യു ടി ഐ, ജി എം മോര്‍ഗന്‍ ചേസ്‌ എന്നിവയും ഇ-കുറ്റവാളികളുടെ പട്ടികയില്‍ ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.
ഈ കമ്പനികളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക്‌ മെയില്‍ അയച്ച്‌ അവരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചാണ്‌ പണം തട്ടുന്നത്‌.ഐ സി ഐ സി ഐ, യു ടി ഐ ബാങ്ക്‌ എന്നീ വലിയ സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ്‌ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ ഈ രംഗത്തെ ചെറുകിട സ്ഥാപനങ്ങളുടെ വ്യജപേരിലാണ്‌ ഇപ്പോള്‍ ഇ മെയിലുകള്‍ അയയ്ക്കാറുള്ളത്‌.

മോസര്‍ബെയര്‍ കേരളത്തില്‍

തിരുവനന്തപുരം:വ്യജ സിഡി വേട്ട മുന്നേറുമ്പോള്‍ പ്രമുഖ സി ഡി നിര്‍മ്മാതാക്കളായ മോസര്‍ബെയര്‍ കേരളത്തിലെത്തുന്നു.മലയാള സിനിമകളുടെ വലിയ ശേഖരം സ്വന്തമാക്കിയാണ്‌ മോസര്‍ബെയര്‍ കേരളത്തിലെത്തുന്നത്‌.
ബ്ലാങ്ക്‌ സിഡി വ്യവസായരംഗത്ത്‌ ലോകത്ത്‌ രണ്ടാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവുമുള്ള മോസര്‍ബെയര്‍ ചെറുകിട സി ഡി നിര്‍മ്മാതക്കളെ വിഴുങ്ങികൊണ്ടാണ്‌ കേരളത്തില്‍ അവതരിക്കുന്നത്‌.പ്രമുഖ ചലച്ചിത്ര സിഡി നിര്‍മാതാക്കളായ വെല്‍ഗേറ്റ്സുമായും കൊച്ചിയിലെ സൈന വീഡിയോയുമായും ഇതിനകം കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.
എന്നാല്‍ വന്‍ സി ഡി കമ്പനികളെ കേരളത്തിലേക്ക്‌ കൊണ്ടുവരാന്‍ കളം ഒരുക്കാന്‍ വേണ്ടിയാണ്‌ ചെറുകിട സിഡി കടകളില്‍ പൊലീസ്‌ റെയ്ഡ്‌ നടത്തുന്നതെന്ന ആരോപണം ഇതോടെ ശക്തമായി. ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി ചില ഉദ്യോഗസ്ഥര്‍ മോസര്‍ബെയറിന്‌ കേരള വിപണി അനുകൂലമാക്കി നല്‍കിയിരിക്കുകയാണെന്ന്‌ ഇക്കൂട്ടര്‍ ആരോപിക്കുന്നു.
വിവിധ ഇന്ത്യന്‍ ഭാഷകളിലായി ഏഴായിരത്തോളം സിനിമകളുടെ പകര്‍പ്പവകാശം ഇവര്‍ നേടിയിട്ടുണ്ട്‌. ഹിന്ദി, കന്നഡ, തെലുങ്ക്‌, ഭോജ്പുരി, മറാത്തി, ബംഗാളി, ഗുജറാത്തി, പഞ്ചാബി ഭാഷകളിലെ ടൈറ്റിലുകളും കമ്പനി ഉടന്‍ പുറത്തിറക്കും.
കൊച്ചില്‍ നടന്ന ചടങ്ങില്‍ മോര്‍സര്‍ബെയര്‍ കേരളവിപണിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.അറുനൂറിലധികം മലയാള സിനിമകളുടെ പകര്‍പ്പവകാശം അവര്‍ നേടിയിട്ടുണ്ട്‌.ആദ്യ ഘട്ടമെന്ന നിലയില്‍ നൂറ്‌ സിനിമകള്‍ കേരള വിപണിയില്‍ ഇറക്കും.സുരേഷ്‌ ഗോപി, മുരളി, ഗോപിക അഭിനയിച്ച ‘ദി ടൈഗര്‍' ആണ്‌ മോര്‍സര്‍ബെയര്‍ കേരളത്തില്‍ ആദ്യം ഇറക്കുന്നത്‌.വിസിഡികള്‍ക്ക്‌ 28 രൂപയും ഡിവിഡികള്‍ക്ക്‌ 34 രൂപയുമാണ്‌ വില.
സംസ്ഥാനത്ത്‌ 26 വിതരണക്കാരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌.5000 വിതരണ കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കുമെന്നും മോസര്‍ബെയറിന്‍റെ എന്‍റര്‍ടെയിന്‍മെന്‍റ് വിഭാഗം ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ഹരീഷ്‌ ദയാനി പറഞ്ഞു.