Thursday, February 01, 2007

നെറ്റില്‍ വ്യാജന്മാരെ സൂക്ഷിക്കുക

ന്യൂഡല്‍ഹി:വ്യാജ വെബ്സൈറ്റുകളുണ്ടാക്കി ഉപയോക്താക്കളുടെ ബാക്ക്‌ അക്കൗണ്ടുകളില്‍നിന്ന്‌ പണം തട്ടുന്ന പ്രവണത ഏറുന്നതായി കണക്കുകള്‍.പണം കൊടുത്ത്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വെബ്സൈറ്റുകളില്‍ സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് സൈറ്റ് വ്യാജമാണൊ എന്ന് പരിശോധിക്കണമെന്ന മുന്നറിയിപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു.
അക്കൗണ്ടുകളില്‍ നിന്നും പണം തട്ടാന്‍ ലക്‍ഷ്യമാക്കി മാത്രം തയ്യാറാക്കുന്ന വ്യാജ വെബ്സൈറ്റുകളുടെ എണ്ണം ഇന്ത്യയില്‍ ശരവേഗത്തില്‍ വര്‍ദ്ധിക്കുകയാണ്‌. 2006ല്‍ മാത്രം ഇത്തരം 260 കേസുകളാണ്‌ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. മുന്‍വര്‍ഷത്തേക്കാള്‍ 180 ശതമാനം വര്‍ദ്ധനവാണ്‌ ഈ രംഗത്ത്‌ ഉണ്ടായിരിക്കുന്നത്‌.
ഉപഭോക്താക്കളുടെ ബാങ്ക്‌ വിവരങ്ങള്‍ തരപ്പെടുത്തി പണം തട്ടാനായി ഇ-കുറ്റവാളികള്‍ ലക്‍ഷ്യം വയ്ക്കുന്ന 335 വെബ്സൈറ്റുകള്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ്‌ ടീം കണ്ടെത്തി. ഇതില്‍ 256 സൈറ്റുകളും ഇ കൊമേഴ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.
ഇ-ബൈ പോലുള്ള ചെറുകിട വില്‍പന സൈറ്റുകളും ഇക്കൂട്ടത്തില്‍ ഉണ്ട്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, യു ടി ഐ, ജി എം മോര്‍ഗന്‍ ചേസ്‌ എന്നിവയും ഇ-കുറ്റവാളികളുടെ പട്ടികയില്‍ ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.
ഈ കമ്പനികളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക്‌ മെയില്‍ അയച്ച്‌ അവരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചാണ്‌ പണം തട്ടുന്നത്‌.ഐ സി ഐ സി ഐ, യു ടി ഐ ബാങ്ക്‌ എന്നീ വലിയ സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ്‌ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ ഈ രംഗത്തെ ചെറുകിട സ്ഥാപനങ്ങളുടെ വ്യജപേരിലാണ്‌ ഇപ്പോള്‍ ഇ മെയിലുകള്‍ അയയ്ക്കാറുള്ളത്‌.

2 comments:

സഞ്ചാരി said...

"നെറ്റില്‍ വ്യാജന്മാരെ സൂക്ഷിക്കുക"
വ്യാജ വെബ്സൈറ്റുകളുണ്ടാക്കി ഉപയോക്താക്കളുടെ ബാക്ക്‌ അക്കൗണ്ടുകളില്‍നിന്ന്‌ പണം തട്ടുന്ന പ്രവണത ഏറുന്നതായി കണക്കുകള്‍.

മുസ്തഫ|musthapha said...

എനിക്കും വന്നിരുന്നു ഇന്‍ഫോര്‍മേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ പറഞ്ഞ് എച്ച് എസ് ബി സി ബാങ്കില്‍ നിന്നെന്ന പേരില്‍ ഒരു മെയില്‍. ലിങ്ക് ക്ലിക്ക് ചെയ്തു നോക്കിയപ്പോള്‍ ഒരു വിത്യാസവും അനുഭവപ്പെട്ടില്ല... എങ്കിലും എനിക്കെന്തോ പന്തികേടു തോന്നി - ഹെല്പ് ഡെസ്ക് നമ്പറില്‍ വിളിച്ചപ്പോള്‍ അറിഞ്ഞു അതു വ്യാജനാണെന്ന്.

ഇതെല്ലാം കണ്ടിട്ട് ഒരു സംശയം... വ്യാജനാണോ ഒറിജിനലാണോ ആദ്യമുണ്ടായത് :)